Monday, 6 April 2015

വിഷുകഴിഞ്ഞവര്‍ഷത്തെ വിഷു.... എങ്ങനെയുണ്ടായിരുന്നുഎന്നാണെങ്കില്‍, തീര്‍ത്തുംഓര്‍മ്മയില്ല.

അതിനും മുമ്പത്തെ? .......ഇല്ല......

പതിവുകെട്ടുകാഴ്ചകള്‍എന്നല്ലാതെ ഓര്‍മ്മയിലേക്ക് ഒന്നുംതന്നെ വരുന്നില്ല.

കുറേക്കൂടി പുറകോട്ടുപോയാല്‍ എളുപ്പത്തില്‍ പറയാം. വിഷുക്കണിയില്ലാത്ത , കൈനീട്ടമില്ലാത്ത ,എന്തിന് പ്രിയപ്പെട്ടവരുടെ സാമീപ്യംപോലുമില്ലാതിരുന്ന ഗുരുകുലവിദ്യഭ്യാസകാലത്തെ വിഷുകള്‍!

അതിനും മുന്പാണെന്റെവിഷു. . വിഷു എന്നല്ല എല്ലാ ആഘോഷങ്ങളും കുട്ടിക്കാലത്താണ് .അന്നുമാത്രമേ നിഷ്കളങ്കമായി ആഘോഷങ്ങളുള്ളൂ.

എന്‍റെ വിഷുക്കാലവും ഇപ്പോഴും കുട്ടിയായിത്തന്നെനില്‍ക്കുന്നു . അമ്മമ്മയുടെ വീട്ടിലെ, വെള്ളരിക്കയും കുമ്പളങ്ങയും കൊളുത്തില്‍ തൂങ്ങിയാടുന്ന ഇടുങ്ങിയ ഇടനാഴിയിലെ വിഷു.

വിസ്തരിച്ച് ഉറങ്ങാനില്ലാത്തതിനാല്‍ ഇടനാഴില്‍ത്തന്നെ ഉറങ്ങുന്നവര്‍ , മീനച്ചൂടിന്റെ പുഴുക്കത്തില്‍നിന്നു  രക്ഷനേടാന്‍ ഉമ്മറത്തുതന്നെ കിടക്കുന്ന അച്ഛനും അമ്മാവന്മാരും , അടക്കാത്ത ഉമ്മറവാതില്‍ , ആര്‍ഭാടം തീരെകുറഞ്ഞ ദേവനും ദേവിയുമുള്ള    സ്വാമിക്കൂട് , ഒരുക്കിവെച്ച വിഷുക്കണി , എന്നെ അത്ഭുതപ്പെടുത്തി രാവിലെ നിറഞ്ഞുകത്തുന്ന നിലവിളക്ക് , വിഷുക്കണിയില്‍ ഊരി വെച്ച അമ്മമ്മയുടെ 'ചെത്ത്തൊരട് മാല , നായരുടെ പീട്യേലെ മിട്ടായികള്‍ മുഴുവനും എന്‍റെ കണ്ണിലേക്ക് ഒരുമിച്ചു കയറ്റുന്ന വിഷുകൈനീട്ടം, കുട്ടികള്‍ പണം സൂക്ഷിക്കരുതെന്ന കാരണത്താല്‍ , എപ്പോള്‍ വേണമെങ്കിലും തിരിച്ചുതരാമെന്ന വ്യവസ്ഥയില്‍ അച്ഛനെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ തീരുന്ന പണത്തിന്റെ മൂല്യബോധം.......

ഉച്ചയൂണ്കഴിഞ്ഞു കൂട്ടമായി അമ്മമ്മയുടെ തറവാട്ടിലേക്ക് നടത്തിയ നടത്തങ്ങള്‍ , പാമ്പിന്‍ കാവിലെ കാഞ്ഞിരത്തിന്റെ പേടിപ്പിക്കുന്ന തണുത്ത നിഴല്‍ , വിഷുവിന്‍റെ പിറ്റേന്ന് അച്ഛന്റെ വീട്ടിലേക്ക് സാമ്പ്രദായികമായി പോയിരുന്ന മദ്ധ്യാഹ്നത്തിന്‍റെ ചൂട് .........
 
ശിരസ്സില്‍ ആഞ്ഞുകയറുന്ന അമ്മാവന്റെ പൊടിഡപ്പിയുടെ മാദകഗന്ധം , ഇടവഴിയിലൂടെ ശ്വാസമടക്കിപ്പിടിച്ചു നടത്തിയ ചേതക് സ്കൂട്ടറിലെ ചെറുയാത്രകള്‍ , അമ്മ വാങ്ങിത്തന്ന പുതിയ ഉടുപ്പിനെ ചൊല്ലിയുള്ള പരിഭവം , മേമയുടെ വരവിനായി സ്വയം കാക്കയായി വിളിച്ച വിരുന്നു വിളികള്‍ ......

വിഷുവോര്‍മ്മകളെന്നെ വീണ്ടും വീണ്ടും കുട്ടിയിലേക്ക് തിരിച്ചു നടത്തുന്നു...

പൊട്ടിച്ചപടക്കത്തിന്റെ ശബ്ദത്തെക്കാളും എനിക്കോര്‍മ്മ തൊഴുത്തിന്റെയടുത്ത് വാഴപ്പിണ്ടി കൊണ്ട് കെട്ടിവെച്ച് വിരിപ്പ് കൃഷിയിറക്കാന്‍ മുളപ്പിച്ച ഞാറിന്‍റെ മണമാണ് , കൌങ്ങിന്‍ പൂക്കുല ഒഴുകിവരുന്ന പണപ്പിലെ വെള്ളത്തിന്‍റെ കുളിര്‍മ്മയാണ് , വറുത്തുവെച്ച അണ്ടിപ്പരിപ്പിന്റെയും മുന്തിരിയുടെയും രുചിയാണ് , അതിനേക്കാളും മുകളില്‍ ഞാന്‍ തിരിയിട്ടുവെച്ച് കിടന്നുറങ്ങിയുണരുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കത്തിനില്‍ക്കുന്ന നിലവിളക്കിന്റെ ശോഭയാണ് .

ഞാനിന്നും ഒരുകുട്ടിയാണ് പഴയ വിഷുവിനു വേണ്ടി വൃഥ കാത്തിരിക്കുന്ന കുട്ടി.

2 comments:

  1. ഓര്‍മ്മകളില്‍ മാത്രം മനോഹരമാകുന്ന വിഷുക്കാലം

    ReplyDelete